Advertisment

പാര്‍ട്ടിയുടെയും രാജസ്ഥാന്‍ സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സച്ചിന്‍ പൈലറ്റ്; സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് കെ.സി. വേണുഗോപാല്‍; രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ പാര്‍ട്ടിയുമായുള്ള പിണക്കം അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ്; ഒടുവില്‍ രാജസ്ഥാനില്‍ മഞ്ഞുരുക്കം !

New Update

publive-image

Advertisment

ജയ്പൂര്‍: ഒരു മാസത്തിലേറെയായി നീണ്ടു നിന്ന രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമാകുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയിലേക്ക് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചെത്താനുള്ള സന്നദ്ധത സച്ചിന്‍ പൈലറ്റ് അറിയിച്ചു.

താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെ സംബന്ധിച്ച് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി വിശദമായി ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാജസ്ഥാന്‍ സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനും മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചതായും വേണുഗോപാല്‍ അറിയിച്ചു.

ഇതോടെ ഒരു മാസത്തിലേറെയായി നീണ്ടു നിന്ന രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പു നല്‍കി. രണ്ടു മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടുനിന്നെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാന്‍ നിയമസഭ സമ്മേളിക്കാന്‍ നാലുദിവസം മാത്രം അവശേഷിക്കേയാണ് ഈ സംഭവവികാസങ്ങള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. ഓഗസ്റ്റ് 14നാണ് നിയമസഭ സമ്മേളിക്കുന്നത്.

ജൂലൈയിലാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇത് അശോക് ഗെലോട്ട് സര്‍ക്കാരിന് പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. സച്ചിന്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും സച്ചിന്‍ തന്നെ അത് നേരിട്ട് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

വിമത നീക്കത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും സച്ചിന് നഷ്ടമായതോടെ രാജസ്ഥാനിലെ രാഷ്രീയ പ്രതിസന്ധിയും അയവില്ലാതെ തുടര്‍ന്നു. ഈ പ്രതിസന്ധിയാണ് രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചയിലൂടെ ഇപ്പോള്‍ അവസാനിക്കുമെന്ന് കരുതുന്നത്.

Advertisment