Advertisment

കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ

New Update

publive-image

Advertisment

കാസര്‍കോഡ്; കാസര്‍കോഡ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക്ക്ദിന ആശംസാ കാര്‍ഡിലെ ഹിന്ദുത്വശക്തികളുടെ നേതാവ് വി.ഡി. സവര്‍ക്കറുടെ ചിത്രം വിവാദത്തില്‍. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്റെ ഫേസ് ബുക്ക് പേജിലാണ് ഹിന്ദു മഹാസഭാ നേതാവും ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗൂഢാലോചന കേസിലെ പ്രതിയുമായ വി.ഡി സവര്‍ക്കറുടെ ചിത്രം സ്ഥാനംപിടിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തില്‍ വീരേതിഹാസം പകര്‍ന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സംഘപരിവാര്‍ രാഷ്ട്രീയം തലയിലേറ്റുന്നവരുടെ ഇഷ്ടനേതാവായ വി.ഡി സവര്‍ക്കറുടെ ഫോട്ടോയും ചേര്‍ത്ത് കോണ്‍ഗ്രസ് ഞെട്ടിച്ചത്.

രാജ്യം എക്കാലവും സ്മരിക്കുന്ന ഡോ. ബി.ആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കിടയിലാണ് സവര്‍ക്കറുടെ ചിത്രവും ചേര്‍ത്ത് കാര്‍ഡ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വന്‍ വിമര്‍ശത്തിന് ഇടയാക്കിയതോടെ റിപ്പബ്ലിക്ദിന ആശംസാ കാര്‍ഡ് നേതൃത്വം പിന്‍വലിക്കുകയായിരുന്നു. പോസ്റ്റര്‍ രൂപകല്‍പന ചെയ്തിടത്ത് പറ്റിയ അബദ്ധമാണെന്നാണ് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്റെ വിശദീകരണം.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അത്താണിയില്‍ സ്ഥാപിച്ച ബോര്‍ഡിലും സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അന്നും സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഐ.എന്‍.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

രാഷ്ട്രപിതാവ് മഹാത്മജിയുടെ അടക്കം കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ പോലും തിരിച്ചറിയാനാകാത്തവിധമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപകടകരമായ പോക്കില്‍ പാര്‍ട്ടിക്കകത്തും പുറത്തും രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

Advertisment