Advertisment

"ഒരു കാലഘട്ടത്തിൽ എനിക്ക് രാഷ്ട്രീയത്തിൽ വരണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഒരു ജന പ്രതിനിധിയായി നാട് നന്നാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു" പറയുന്നത് അരനൂറ്റാണ്ടു മുമ്പ് മലയാള വെള്ളിത്തിരയിൽ സ്ഥാനാർത്ഥി സാറാമ്മയായി തിളങ്ങിയ താര റാണി ഷീല...

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

കേരളത്തിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ വിശേഷങ്ങളെല്ലാം അപ്പപ്പോൾ അറിയുമ്പോഴാണ് പഴയൊരു ആഗ്രഹം അസാധു വോട്ടായി ഷീലയുടെ മനസ്സിലുയർന്നത്.

"തിരഞ്ഞെടുപ്പും ജനപ്രതിനിധിയാകുന്നതുമൊക്കെ നല്ല കാര്യമാണെന്നുള്ള തെറ്റിധാരണ പിന്നീട് ഞാൻ തിരുത്തി. മുതലകളും വലിയ തിമിംഗലങ്ങളുമൊക്കെയുള്ള രാഷ്ട്രീയത്തിൽ ഒരു കൊച്ചു മീനായ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനസ്സിലായി " പൊട്ടിച്ചിരിച്ചു കൊണ്ട് ഷീല പറഞ്ഞു.

"ജനങ്ങൾ എപ്പോഴും രാഷ്ടീയക്കാരെ കുറ്റം പറയും. പണാധിപത്യം വാഴുന്ന രാഷ്ട്രീയ കളരിയിൽ ചിലരെങ്കിലും രൂപാ വാങ്ങി വോട്ടു ചെയ്യും. എന്നിട്ടെന്തിനാണ് രാഷ്ട്രീയക്കാരെ കുറ്റം പറയുന്നത്? " ഷീല ചോദിക്കുന്നു .

അൻപതു വർഷം മുമ്പ് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത സ്ഥാനാർത്ഥി സാറാമ്മയിലെ നായികയായ സാറാമ്മയായിരുന്നു ഷീല. തോട്ടും കര പഞ്ചായത്തിൽ മത്സരിച്ച സാറാമ്മയുടെ എതിർ സ്ഥാനാർത്ഥി ജോണിക്കുട്ടിയായി നസീർ വന്നു. കമിതാക്കളായിരുന്ന ഇരുവരും മറ്റുള്ളവരുടെ സമ്മർദ്ദത്തെ തുടർന്ന് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതായിരുന്നു കഥാ തന്തു.

"കുരുവിപ്പെട്ടി, നമ്മുടെ പെട്ടി, കടുവാപ്പെട്ടിക്കോട്ടില്ല " എന്ന പ്രസിദ്ധമായ ഗാനം ഈ സിനിമയിൽ പാടി തകർത്തഭിനയിച്ചത് അടൂർ ഭാസിയാണ്. കൂടുതൽ പണം നൽകുന്നതാരാണോ അവർക്ക് വേണ്ടി പാടി പ്രചാരണം നടത്തുന്ന ഭാസിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കക്ഷി മാറ്റവും കാലുവാരലും കയ്യേറ്റങ്ങളും സമ്മേളനവും സംഘർഷങ്ങളുമാക്കെയായി തിരഞ്ഞെടുപ്പിൻ്റെ എല്ലാ "പണികളും " സ്ഥാനാർത്ഥി സാറാമ്മ യിലുണ്ടായിരുന്നു. "ഇന്നും ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കളികൾക്ക് ഒരു മാറ്റവുമില്ലല്ലോ " ഷീല ചോദിക്കുന്നു.

ചെന്നൈ എ.വി.എം. സ്റ്റുഡിയോയിലും ചെമ്പരംപക്കത്തിലുമായി ചിത്രീകരിച്ച സ്ഥാനാർത്ഥി സാറാമ്മ പക്ഷേ അടുത്ത കാലത്താണ് ഷീല മുഴുവനായി കാണുന്നത്; അതും യുട്യൂബിലൂടെ !

actress sheela
Advertisment