Advertisment

ഗെയില്‍ പദ്ധതി പൂര്‍ത്തിയായി!  കെ സുരേന്ദ്രന്‍ പ‍ഴയ ഫെയ്സ്ബുക്ക് കുറിപ്പിനെ കുറിച്ച് എന്തുപറയുന്നു? ചോദ്യവുമായി തോമസ് ഐസക്‌

New Update

തിരുവനന്തപുരം : അസാധ്യമെന്ന് കരുതി യുഡിഎഫ് ഉപേക്ഷിച്ച ഗെയില്‍ പദ്ധതിയും ദേശീയപാതാ വികസനവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരുമെന്നാണ് കെ സുരേന്ദ്രന്‍ അന്ന് ഫെയ്സ്ബുക്കില്‍ എ‍ഴുതിയത്.

Advertisment

ഗെയില്‍ പദ്ധതി പൂര്‍ത്തിയായ വേളയില്‍ കെ സുരേന്ദ്രന്‍ പ‍ഴയ ഫെയ്സ്ബുക്ക് കുറിപ്പിനെ കുറിച്ച് എന്തുപറയുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചോദ്യം

publive-image

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം

“ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്ലൈൻ പൂർത്തീകരണവും യാഥാർത്ഥ്യമാക്കിയാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും” എന്ന് ഫേസ്ബുക്കിൽ എഴുതാൻ തോന്നിയ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും. രണ്ടും യാഥാർത്ഥ്യമായി.

ഇടതുപക്ഷ സർക്കാർ ഈ പദ്ധതികൾ ഏറ്റെടുത്തത് ഏതായാലും കെ സുരേന്ദ്രന്റെ സർട്ടിഫിക്കറ്റിനു വേണ്ടിയല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇപ്പോഴെന്തു പറയുന്നു എന്നു സുരേന്ദ്രനോടു ചോദിക്കുന്നുമില്ല. എന്നാൽ ഈ രണ്ടു പദ്ധതികളും ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന ധൈര്യത്തിലായിരിക്കുമല്ലോ സുരേന്ദ്രൻ മേലുദ്ധരിച്ച വരികൾ എഴുതിയത്.

കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരം പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെ അവസാനഘട്ടം കഴിഞ്ഞു. കേരളത്തിലൂടെ കടന്നു പോകുന്ന 510 കിലോമീറ്റർ പൈപ്പ് ലൈനിൽ 470 കിലോമീറ്റര്‍ സ്ഥാപിച്ചതും ഈ സര്‍ക്കാരാണ്. ഓർക്കുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2013 നവംബറില്‍ പണി പൂര്‍ണമായും നിര്‍ത്തി എല്ലാ കരാറുകളും റദ്ദാക്കിയ ഗെയ്ല്‍ 2015ല്‍ പദ്ധതി അവസാനിപ്പിച്ച് പിന്‍വാങ്ങാന്‍ ഒരുങ്ങിയിരുന്നു. അവിടെ നിന്നാണ് വിസ്മയകരമാംവിധം പദ്ധതി ഉയർത്തെഴുന്നേറ്റത്. അത് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാർഢ്യത്തിന്റെ സ്മാരകമായിത്തന്നെ കേരള ചരിത്രത്തിൽ സ്ഥാനം പിടിക്കും.

ഈ പൈപ്പ് ലൈനിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാര്‍ 94 കിലോമീറ്ററില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്.

ഗെയ്ല്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കുള്ള പൈപ്ഡ് നാച്വറല്‍ ഗ്യാസും (പിഎന്‍ജി) വാഹനങ്ങളില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്വറല്‍ ഗ്യാസും(സിഎന്‍ജി) ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും പുരോഗമിക്കുകയാണ്.

ഈ സര്‍ക്കാര്‍ വന്നതോടെ നിലവിലുള്ള ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയതാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്ക് എത്തിച്ചത്. കൊച്ചിമുതല്‍ -മംഗലാപുരംവരെയുള്ള ഏഴ് സെക്ഷനില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ പ്രത്യേക പ്രോജക്ട് സെല്ലും രൂപീകരിച്ചു. 2019 ജൂണില്‍ തൃശൂര്‍വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍വരെയും ഗ്യാസ് എത്തി.

5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലാഭിക്കാനാകും. വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് ശരാശരി 20 ശതമാനവും കുറയും.

കേരളം മാറുകയാണ്. നവകേരളസൃഷ്ടി ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. ഒരിക്കലും നടക്കില്ലെന്നു കരുതി ഉപേക്ഷിക്കപ്പെട്ടതും നിർത്തിവെച്ചതുമായ പല പദ്ധതികളും പൂർത്തിയാകുകയാണ്. എൽഡിഎഫ് സർക്കാരിനു കീഴിൽ കേരളം കൈവരിക്കുന്ന വിസ്മയകരമായ ഈ വളർച്ച പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്.

k surendran Thomas issac
Advertisment