Advertisment

എപ്പോഴും ചിരിക്കുന്ന മുഖം ! 'ന്യു ഡൽഹി' സിനിമയിലെ ജഗന്നാഥവർമ്മയെപ്പോലൊരു 'വില്ലന്‍' ! കുഞ്ഞനന്തൻ പാവമായിരുന്നോ ? അതോ പാവം ക്രൂരനായിരുന്നോ ? ടിപി കേസില്‍ പാര്‍ട്ടിക്കൊരു പരിചയായി മാറിയപ്പോള്‍ 380+ പരോളുകള്‍ക്കപ്പുറം പാര്‍ട്ടി കുഞ്ഞനന്തനോട് കടപ്പെട്ടിരിക്കുന്നതെങ്ങനെ ?

New Update

publive-image

Advertisment

കുഞ്ഞനന്തൻ എന്ന് കേൾക്കുമ്പോളും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോഴും ഓർമ്മയിൽ വരുന്നത് ന്യു ദൽഹി സിനിമയിലെ സുന്ദരവില്ലന്മാരിൽ ഒരാളായ ജഗന്നാഥവർമ്മയെയാണ് . എപ്പോഴും ചിരിക്കുന്ന പ്രകൃതക്കാരനായ അദ്ദേഹമാണോ കൊലപാതകങ്ങൾക്ക് കൂട്ടുനിന്നത് എന്നാരെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കുവാനാകില്ല .

അപ്പോൾ പിന്നെ ആരായിരിക്കും ടിപി വധക്കേസിലെ മുഖ്യ സൂത്രധാരകൻ . ആരായിരിക്കും കൊടിസുനിക്കും കിർമാണി മനോജിനും ഷാഫിക്കും ട്രൗസർ മനോജിനും ഒക്കെ ക്വട്ടേഷൻ കൊടുത്തത് .

ആരായിരിക്കും 'മാഷാ അള്ളാ' സ്റ്റിക്കർ ഇന്നോവയിൽ ഒട്ടിക്കുവാനും ടിപിയുടെ മുഖം വികൃതമാക്കുവാനും നിര്‍ദേശം കൊടുത്തത് . അത് ആര് ഏറ്റെടുക്കും ? പാർട്ടിയും പാർട്ടി ചാനലും പറയുന്നത് കുഞ്ഞനന്തൻ ഒരു പാവമാണെന്നും ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല എന്നും ഒരിക്കൽ പാനൂർ ടൗണിൽ എലിപ്പെട്ടിയിൽ അകപ്പെട്ട ഒരു എലിയെ പെട്ടിയുടെ മൂടി തുറന്നുവിട്ട് രക്ഷിച്ചുവെന്നും , തന്നെക്കാൾ ഇരട്ടി വലുപ്പമുള്ള കൊടിസുനിയെ പാനൂർ സെന്ററിൽ വെച്ച് തല്ലിയോടിച്ചു എന്നൊക്കെയുള്ള തള്ളുകൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു .

publive-image

എംവിആർ ഒരിക്കൽ പറഞ്ഞതോർക്കുന്നു : പാർട്ടിയിൽ ഒരാളെ കൊല്ലുവാൻ ഉദ്ദേശിച്ചാൽ അതിന്റെ വിവരങ്ങൾ അഥവാ സന്ദേശവാഹകർ കെഎസ്ആർടിസി ഡ്രൈവർമാർ ആയിരുന്നു . കൊല്ലത്തുള്ള ഒരാളെ കൊല്ലുവാൻ തൃശൂരുള്ള ഒരാളെ നിയമിക്കുന്നതും മലപ്പുറത്തുള്ള ഒരാളെ കൊല്ലുവാൻ ആലപ്പുഴയിലുള്ള ഒരാളെ നിയമിക്കുന്നതും എല്ലാം കെഎസ്ആർടിസിയിലൂടെ കൈമാറുന്ന സന്ദേശങ്ങളിലൂടെ ആയിരുന്നു .

അതുപോലെ കൊല്ലുവാൻ നിയമിക്കുന്ന ആളിന് ആരാണ് അത് ചെയ്യിപ്പിക്കുന്നത് എന്നത് അറിയില്ല . കൊല്ലുവാൻ കൊണ്ടുപോകുന്നത് ഒരു ടീം , കൊല്ലുന്നത് വേറെ ടീം , കൊന്നുകഴിഞ്ഞാൽ പോലീസിൽ പിടി കൊടുക്കുന്നത് വേറെ ടീം ... അങ്ങനെ നീങ്ങുമ്പോൾ എത്ര വലിയ സിബിഐ ചോദ്യം ചെയ്താലും കൊമ്പൻ സ്രാവുകളിലേക്ക് കാര്യങ്ങൾ നീങ്ങുകയില്ല .

ശരിക്കും കുറ്റവാളികളെ കൊല്ലത്തുനിന്നും കോഴിക്കോട്ടുനിന്നും പുറംകടലിൽ ട്രോളിങിനയക്കുകയും ചെയ്യും . ഇതൊക്കെയായിരുന്നു പാർട്ടിയുടെ കൊലപാതകശൈലികൾ . അതുപോലെ കുഞ്ഞനന്തനിൽ എത്തിച്ചതാണോ ടിപി കേസ് . അതിന്റെ മുകളിലോട്ട് എന്തുകൊണ്ട് പോയില്ല ? കുഞ്ഞനന്തൻ പാവമായിരുന്നോ ?

publive-image

പാനൂരിനടുത്തുള്ള കടവത്തൂരിലെ ഒരു കോടീശ്വരന് ഒരു ദിവസം പെട്ടെന്ന് ഒരു ഫോൺ വന്നു . ' മാർച്ച് മാസം അവസാനമാണ് , പെട്ടെന്ന് രണ്ടുകോടിയുടെ ഇൻഷുറൻസ് എടുക്കണം , പയ്യനെ ഞാൻ വീട്ടിലേക്ക് അയക്കാം '.

ഫോൺ കട്ട് ചെയ്തശേഷം കോടീശ്വരൻ പറഞ്ഞു ' എന്ത് ചെയ്യാം ? കഴിഞ്ഞ വർഷമാണ് കുടുംബത്തിന്റെ പേരിൽ ഒരു കോടിക്ക്‌ ഇൻഷുറൻസ് എടുത്തത്, ഇനിയിപ്പോൾ ഇങ്ങേരുടെ കയ്യിൽ നിന്നും എടുത്തില്ലെങ്കിൽ പയ്യനുപകരം വരുന്നത് ഗുണ്ടകൾ ആയിരിക്കും. അവർ വന്നാൽ കടയുടെ ചില്ലുകൾ ഒക്കെ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാക്കി എറിഞ്ഞുടക്കും ''. ഇതായിരുന്നു ഇപ്പറഞ്ഞിടത്തെ  സാക്ഷാൽ ഗുണ്ടാപ്പിരിവ് .

പാനൂരിലെയും കടവത്തൂരിലെയും മാഹിയിലെയും നാദാപുരത്തെയും കുറ്റിയാടിയിലെയും വടകരയിലെയും ഒട്ടുമിക്ക കോടീശ്വരന്മാരും ഈ ഇൻഷുറൻസ് വലയിൽ ഒരു തവണയെങ്കിലും കുടുങ്ങിയിട്ടുണ്ടാകും .

publive-image

തമിഴ് സിനിമകളിലൊക്കെ കാണുന്നതുപോലെ ഗ്രാമവും ഗ്രാമ മുഖ്യനുമൊക്കെയായി വിലസിയിരുന്ന ഒരാളായിരുന്നു കുഞ്ഞനന്തൻ . അന്നാട്ടിലെ ഒട്ടുമിക്ക കച്ചവട സംബന്ധമായ കേസുകളിലും സ്ഥലം വിൽപ്പനയുമായി നടക്കുന്ന പ്രശ്നങ്ങളിലും ഒക്കെ മധ്യസ്ഥന്റെ റോളായിരുന്നു കുഞ്ഞനന്തന്റെത് . എംവിആറിന്റെ ഒരു ശൈലിയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിൽ പയറ്റിയിരുന്നത് .

തലശ്ശേരിയിലെ വലിയൊരു കമ്പനിയുടെ ഭൂമി ലേലത്തിൽ പോകാൻ പോയപ്പോൾ ആ വിഷയം ഏറ്റെടുത്തതും ഭൂമിയിൽ ആരെയും തൊടാൻ സമ്മതിക്കാതിരുന്നതും കുഞ്ഞനന്തന്റെ ചങ്കൂറ്റത്തിലായിരുന്നു . പോലീസ് സ്റ്റേഷനുകളിൽ നിന്നും പ്രതികളെ ഇറക്കിക്കൊണ്ടു പോകുന്നതിൽ

കുഞ്ഞനന്തന്റെ മിടുക്ക് അപാരമായിരുന്നു . ആയതുകൊണ്ട് അദ്ദേഹത്തെ എംഎൽഎ യോ മന്ത്രിയോ എംപിയോ ആക്കാതെ പാർട്ടിയുടെ

നിഷ്കരുണ രാഷ്ട്രീയത്തിന്റെ വക്താവായി നിലനിർത്തുവാൻ പാർട്ടിക്ക് സാധിച്ചു .

ടിപി വധം ആസൂത്രണം നടന്നത് വടകരയിലെ ഒരു കല്യാണത്തലേന്ന് ആയിരുന്നു . എല്ലാം ഒരു നോട്ടത്തിലായിരുന്നു സ്റ്റെപ്പുകൾ .

ടിപിയും പങ്കെടുത്തിരുന്ന ആ കല്യാണ വീട്ടിൽ നിരവധി കൊമ്പൻ സ്രാവുകളും സന്നിഹിതരായിരുന്നു . ടി പി നടന്നു നീങ്ങിയപ്പോൾ കൊമ്പൻ സ്രാവുകളിൽ ഒരാൾ കുഞ്ഞനന്തനെ നോക്കി, അത്രമാത്രം .

publive-image

നിരപരാധിയായ കുഞ്ഞനന്തനെ ചുമ്മാ അങ്ങ് കൊലപാതക്കേസിൽ അറസ്റ്റ് ചെയ്‌താൽ വെറുതെ നോക്കിനിൽക്കുന്ന പാർട്ടിയാണോ സിപിഎം . വെറുതെ നോക്കി നിൽക്കുന്നവരാണോ സിപിഎം അണികൾ ? ആരോടാണ് ഇതൊക്കെ പറയുന്നത് . എതിരാളികൾ കള്ളക്കേസിൽ കുടുക്കിയാൽ കുഞ്ഞനന്തൻ വെറുതെ ഇരിക്കുമായിരുന്നോ?

പക്ഷെ പാർട്ടി കുഞ്ഞനന്തനോട് നൂറു ശതമാനവും കടപ്പെട്ടിരിക്കുന്നു . കാരണം അത്രയും പ്രമാദമായ കേസിനെ പാർട്ടിയോടും നേതാക്കന്മാരോടുമുള്ള കൂറിന്റെ അടിസ്ഥാനത്തിൽ തനിക്ക് മേലേക്ക് പറഞ്ഞയക്കാതെ നോക്കുവാൻ കുഞ്ഞനന്തന് സാധിച്ചു . വേറെ ആരായിരുന്നാലും സ്വയരക്ഷക്കായി ശരിക്കുള്ള കൊമ്പൻസ്രാവിനെ ചൂണ്ടിക്കാണിക്കുമായിരുന്നു . അതാണ് കുഞ്ഞനന്തന്റെ വ്യക്തിത്വമായി പാർട്ടി കാണുന്നതും ലോക ചരിത്രത്തിൽ ആദ്യമായി ഒരു കൊടും കുറ്റവാളിക്ക് 380 നു മേലെ തവണ പരോളുകൾ അനുവദിച്ചതും പാർട്ടി ശുശ്രൂഷിച്ചതും .

പലതവണ പാർട്ടി സീറ്റുകൾ വെച്ചുനീട്ടിയിട്ടും കുഞ്ഞനന്തൻ അതൊക്കെ തിരസ്കരിച്ചത് പിആർ കുറുപ്പുമായുള്ള അടുപ്പംകൊണ്ടൊക്കെ ആയിരുന്നു . പിആറിനെ തോൽപ്പിക്കുവാൻ പാനൂരുള്ള ആരും മുന്നിലേക്ക് വരുമായിരുന്നില്ല .

ഗുണ്ടായിസത്തിന്റെ ആകെത്തുകയായിരുന്ന കുറുപ്പ് ചിലരോടൊക്കെ രാഷ്ട്രീയം മാറ്റിവെച്ചുള്ള വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്നു . സ്ഥാനമാനങ്ങളിൽ ഇരുന്നാൽ ഇൻഷുറൻസ് പോലുള്ള കളികളും മധ്യസ്ഥ കളികളും കളിക്കുവാനാകില്ലെന്ന് കുഞ്ഞനന്തൻ മനസ്സിലാക്കുന്നത് അവിടെനിന്നുമായിരുന്നു . ശരിക്കും പറഞ്ഞാൽ പാർട്ടിയിലെ ഒന്നാം നിരയിൽ ഇരിക്കേണ്ട ആളായിരുന്നു അദ്ദേഹം .

കൊലകേസ് പ്രതികളുടെ മരണ വാർത്തകൾ ആരുടെയും ഹൃദയത്തിൽ വലിയ സ്വാധീനം ചെലുത്താതെ പോകുന്നുവെങ്കിൽ , അവർ ജീവിതത്തിൽ തെരഞ്ഞെടുത്ത മാർഗ്ഗങ്ങളാണ് പ്രധാന കാരണം . നാളെ ചിലപ്പോൾ കുറെ സ്‌മാരകങ്ങള്‍ കെട്ടി പൊക്കിയേക്കാം .

വീര പുരുഷനായി ചരിത്രത്തെ മാറ്റി എഴുതുവാനും സാധിച്ചേക്കാം . എന്നാൽ യഥാർത്ഥ ചരിത്രത്തെ ആർക്കെങ്കിലും മായ്ച്ച് കളയാൻ സാധിക്കുമോ ? തലശെരി കലാപത്തിലെ കുഞ്ഞിരാമനെന്ന ഇതിഹാസ കഥാപാത്രം കാലങ്ങൾ കഴിയുന്തോറും പരിഹാസമായി മാറുന്നതും അത് കൊണ്ടല്ലേ ?

സഖാവിന് കണ്ണീരിൽ കുതിർന്ന ആയിരമായിരം ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സഖാവ് ദാസനും

കുഞ്ഞനന്തേട്ടന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് സഖാവ് വിജയനും

dasanum vijayanum
Advertisment