കുറ്റപ്പെടുത്തിയാൽ 'അഴിമതി ഇല്ല' എന്ന മഹാവാക്യത്തിന്റെ മറവിൽ ഒളിച്ചുകളിക്കും സർക്കാർ. ഡിപ്ലോമാറ്റിക് സ്വർണം, ശബരിമല സ്വർണ്ണക്കൊള്ള, കരുവന്നൂർ സഹകരണ തട്ടിപ്പ്, ലൈഫ് മിഷൻ കമ്മീഷൻ, കിഫ്ബി കടം, എഐ ക്യാമറ, പിപിഇ കിറ്റ്, സ്പ്രിങ്ക്ലർ വിവാദങ്ങൾ — ഇങ്ങനെ നീളും അഴിമതിയുടെ ചുരുളുകൾ. കേരളത്തിലെ ‘അഴിമതി ഇല്ലാത്ത’ ഭരണത്തിന്റെ ആത്മകഥ ഇങ്ങനെ - കന്നാസും കടലാസും

New Update
eba8630b-4ec3-4df2-bef4-819b213c4abf

“അഴിമതി ഇല്ല” എന്ന മഹാവാക്യവും
സ്വർണ്ണം, ബാങ്ക്, ബോണ്ട്, ബാഗേജ് എന്നിവയുടെ ആത്മകഥയും

Advertisment

കേരളത്തിൽ ഇപ്പോൾ ഒരു പുതിയ ചരിത്രരചന നടക്കുകയാണ്. പഴയ ഗ്രന്ഥങ്ങളോ രേഖകളോ വേണ്ട. സ്മൃതിയോ ലജ്ജയോ ആവശ്യമില്ല.

വാട്‌സാപ്പ് സർവകലാശാലയും പാർട്ടി ക്ലാസ് മുറികളും മതി. വിഷയം ഒറ്റയൊന്ന്:


“പത്ത് വർഷം ഭരിച്ചിട്ടും ഒരു അഴിമതിയും ഉണ്ടായിട്ടില്ല”. ഇത് കേൾക്കുമ്പോൾ ചരിത്രകാരന്മാർ നെഞ്ചത്ത് കൈവെക്കും, അന്വേഷണ ഏജൻസികൾ തലകറങ്ങും, ജനങ്ങൾ ചിരിച്ചുകൊണ്ട് ചോദിക്കും — “അപ്പോ സ്വർണ്ണം സ്വയം പറന്നുപോയതാണോ ?”


ഡിപ്ലോമാറ്റിക് ബാഗേജിൽ വന്ന ദൈവദൂതന്മാർ തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരിക്കൽ ചില ബാഗുകൾ ഇറങ്ങി. സാധാരണ ബാഗുകളല്ല. ഡിപ്ലോമാറ്റിക് ആയിരുന്നു. തുറന്നപ്പോൾ വസ്ത്രങ്ങളോ പുസ്തകങ്ങളോ അല്ല, സ്വർണ്ണം. കിലോ കണക്കിന്.

അത് പക്ഷേ, മോഷണമല്ലത്രേ. അത് വികസനം ആയിരുന്നത്രേ — അന്താരാഷ്ട്ര നിലവാരമുള്ള വികസനം.

ഈ കഥയിൽ മുഖ്യമന്ത്രിയുടെ ഓഫീസും, പ്രിൻസിപ്പൽ സെക്രട്ടറിയും, സ്വാധീനവും, അധികാരവും, EDയും CBIയും എല്ലാം കഥാപാത്രങ്ങളാണ്. പക്ഷേ, പാർട്ടി നാടകം പറയുന്നത് ഒറ്റ വരിയിൽ: “ഇതൊക്കെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരം.”

1502350-swarna-kolla

സ്വർണ്ണത്തിന് പോലും രാഷ്ട്രീയം വന്ന കാലം!

ശബരിമലയിൽ സ്വർണ്ണം ഉരുകിയപ്പോൾ… ശബരിമലയിൽ സ്വർണ്ണപൂശൽ നടന്നു. പൂശിയ സ്വർണ്ണത്തിന്റെ ഒരു ഭാഗം പിന്നെ കാണാതായി.

ഭക്തർ ചോദിച്ചു: “സ്വർണ്ണം എവിടെ?”
ഉദ്യോഗസ്ഥർ പറഞ്ഞു: “കണക്കിൽ പിഴവ്.”
പാർട്ടി പറഞ്ഞു: “വിശ്വാസത്തിന്റെ പേരിൽ ചോദ്യം ചെയ്യരുത്.”

കിലോ കണക്കിന് സ്വർണ്ണം, പ്ലേറ്റുകൾ, രേഖകൾ — എല്ലാം ചേർന്ന് ദേവസ്വം ഭരണത്തിന്റെ ഭക്തിപൂർവ്വമായ അഴിമതി മാതൃക. ഹൈക്കോടതി SIT ഉത്തരവിട്ടു, അറസ്റ്റ് നടന്നു — പക്ഷേ, പാർട്ടി ക്ലാസിൽ ഇതൊന്നും സിലബസിലില്ല.

karuvannoor-2

കരുവന്നൂർ: സഹകരണത്തിന്റെ സഹനപാഠം

കേരളത്തിലെ സഹകരണ മേഖല ഒരു കാലത്ത് അഭിമാനമായിരുന്നു. പിന്നെ വന്നു കരുവന്നൂർ. ഒരു ബാങ്ക്, ഒരു പാർട്ടി, അനവധി വായ്പകൾ — സ്വത്ത് ഒന്നിന് പത്ത് വായ്പ, അംഗമല്ലാത്തവർക്ക് വായ്പ, ബെനാമികൾക്ക് വായ്പ, കള്ള രേഖകൾക്ക് വായ്പ.

₹300 കോടിയും കടന്ന് പോയ തട്ടിപ്പ്.
പാവം നിക്ഷേപകർ ചോദിച്ചു: “ഞങ്ങളുടെ പണം?”
പാർട്ടി പറഞ്ഞു: “ബാങ്ക് തകരാറാണ്, പാർട്ടി അല്ല.”
ഇതൊന്നും ഒറ്റപ്പെട്ടതല്ല. അയ്യന്തോൾ, തുമ്പൂർ, മൈലപ്പ്ര, കണ്ടല, ചാത്തന്നൂർ…
കേരളം മുഴുവൻ ചുവന്ന സഹകരണ ബാങ്ക് മ്യൂസിയം.

Kerala Life Mission Project in Financial Crisis

ലൈഫ് മിഷൻ: വീടിനൊപ്പം കമ്മീഷനും

പ്രളയബാധിതർക്ക് വീടെന്ന പേരിൽ ലൈഫ് മിഷൻ.
വീട് കിട്ടിയോ ഇല്ലയോ എന്നതിലും കൂടുതൽ ചർച്ചയായത് ഇടനിലക്കാരുടെ ജീവിതമിഷൻ.
വിദേശ ഫണ്ട്, കമ്മീഷൻ, മണിലോണ്ടറിംഗ് — മനുഷ്യാവകാശത്തിന്റെ മേൽക്കൂരയിൽ കയറി നിൽക്കുന്ന അഴിമതി.

EDയും CBIയും വന്നപ്പോൾ പതിവ് മറുപടി:
“ഇതും കേന്ദ്രത്തിന്റെ പ്രതികാരം.”
കേരളത്തിൽ അഴിമതി നടന്നാൽ, ഡൽഹി കുറ്റക്കാരൻ!

kifb pinarayi

KIIFB: കടം കെട്ടി വികസനം

വികസനം വേണം. അതിന് പണം വേണം. ബജറ്റിൽ കാണിക്കാനാവില്ല. അതിനാൽ ഓഫ്-ബജറ്റ്.
നിയമമോ ഭരണഘടനയോ തടസ്സമായാൽ, അതിനും പരിഹാരമുണ്ട് — “മോഡൽ”. KIIFB എന്നത് ഒരു പദ്ധതി മാത്രമല്ല, കടം എടുക്കാനുള്ള കലാപാഠം.

എ ഐ ക്യാമറ; ഇനി മണിക്കൂറുകള്‍ മാത്രം, റോഡിലിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍  ശ്രദ്ധിക്കുക

AI ക്യാമറ, PPE കിറ്റ്, സ്പ്രിങ്ക്ലർ: സ്മാർട്ട് അഴിമതികൾ

AI ട്രാഫിക് ക്യാമറ — വില കൂടുന്നു, കരാർ സംശയാസ്പദം.

PPE കിറ്റ് — വിലക്കൂടുതൽ, ടെണ്ടർ മറവിൽ.

സ്പ്രിങ്ക്ലർ — ഡാറ്റ അമേരിക്കയിലേക്ക്, ടെണ്ടർ ഇല്ല.

എല്ലാം മോഡേൺ ആണ്. അഴിമതിയും ഡിജിറ്റൽ ആയി.
അവസാനം: അഴിമതി ഇല്ലാത്ത സർക്കാർ!

ഇത്രയും കഴിഞ്ഞിട്ടും പറയാം:

“ഒരു അഴിമതിയും ഇല്ല”.

കാരണം, അഴിമതി എന്ന് അംഗീകരിച്ചാൽ ഉത്തരവാദിത്വം വരും. ഉത്തരവാദിത്വം വന്നാൽ അധികാരം ചോദ്യം ചെയ്യപ്പെടും.

അതുകൊണ്ട്, സ്വർണ്ണം സ്വയം നടന്നു, പണം സ്വയം പറന്നു, ബാങ്കുകൾ സ്വയം തകർന്നു, ജനങ്ങളുടെ വിശ്വാസം മാത്രം ഇന്നും മണ്ണിൽ കിടക്കുന്നു. ഇത് സർക്കാർ അല്ല.

ഇത് ആരോപണങ്ങളുടെ ഫയലും അഴിമതികളുടെ കൂമ്പാരവും വ്യാജ ന്യായീകരണങ്ങളുടെ
ഒരു സ്ഥിരം ഭരണസംവിധാനവുമാണ്.

— കന്നാസും കടലാസും

Advertisment