ഇംഫാല്‍: മണിപ്പൂരില്‍ കലാപം പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ നിര്‍ണായക നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രം. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ പ്രത്യേക സിബിഐ സംഘത്തിന്റെ അന്വേഷണം നിരീക്ഷിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ മണിപ്പൂരില്‍ നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഢാലോചനയുടെ സൂചന നല്‍കുന്ന ആറ് അക്രമ സംഭവങ്ങളില്‍ ഉന്നതതല സിബിഐ അന്വേഷണം നടത്തും. അന്വേഷണം നീതിയുക്തമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കമെന്നും ഇംഫാലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിക്ക് ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും ഒരുക്കിയിട്ടുണ്ട്. അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രവും സംസ്ഥാനവും 5 ലക്ഷം രൂപ വീതം നല്‍കും. മണിപ്പൂര്‍ ഗവര്‍ണര്‍ സിവില്‍ സൊസൈറ്റി അംഗങ്ങളുള്ള സമാധാന സമിതിക്ക് നേതൃത്വം നല്‍കും.
അക്രമത്തിന് ഇരയായവര്‍ക്ക് സഹായമെത്തിക്കാന്‍ 20 ഡോക്ടര്‍മാരുള്‍പ്പെടെ 8 മെഡിക്കല്‍ വിദഗ്ധരുടെ 8 ടീമുകളെ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലേക്ക് നല്‍കിയിട്ടുണ്ട്. 5 ടീമുകള്‍ ഇതിനകം ഇവിടെയെത്തിക്കഴിഞ്ഞു, മറ്റ് 3 ടീമുകള്‍ യാത്രയിലാണ്.
ഖോങ്സാംഗ് റെയില്‍വേ സ്റ്റേഷനില്‍ ഒരു താത്കാലിക പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.