കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ  കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു; ഭാര്യമാരോട് ഭര്‍ത്താക്കന്മാരുടെയും ബന്ധുക്കളുടെയും  ക്രൂരത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്.

New Update
9999

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020ന് ശേഷം ഭാര്യമാരോട് ഭര്‍ത്താക്കന്മാരുടെയും അവരുടെ ബന്ധുക്കളുടേയും ക്രൂരത വര്‍ധിക്കുന്നതായി കണക്കുകള്‍. 

Advertisment

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020നും 2022നും ഇടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ 10,139 കേസുകളാണെങ്കില്‍ 2022ല്‍ 15,213 ആയി. ഇതില്‍ 15,213 കേസുകളില്‍ 4,998 എണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി ഉപദ്രവിച്ച സംഭവങ്ങളാണ്. സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്.

മുന്‍ വര്‍ഷങ്ങളിലെ 5,269 കേസുകളും കൂടി ചേര്‍ത്ത് 2022 ല്‍ പൊലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ കേസുകള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു, 6,792 എണ്ണത്തില്‍ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ട്.

2022-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കോടതികളില്‍ 92,929 കേസുകള്‍ വിചാരണയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 8,397 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയിട്ടുള്ളത്. 7,768 എണ്ണത്തില്‍ വിചാരണ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 84,532 കേസുകള്‍ കോടതികളില്‍ വിചാരണ തീര്‍പ്പാക്കിയിട്ടില്ല. 10 ശതമാനം മാത്രമാണ് ശിക്ഷാ നിരക്ക്.

2022-ലെ കണക്കുകള്‍ പ്രകാരം 2,957 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്.
2022 ല്‍ പോലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രം സമര്‍പ്പിച്ചു. 6,792 എണ്ണത്തില്‍ അന്വേഷണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോകുന്ന കേസുകളുടെ എണ്ണം 2020-ല്‍ 307 ആയിരുന്നത് 2022-ല്‍ 403 ആയി വര്‍ധിച്ചു. ഇതില്‍ 292 പേര്‍ കുട്ടികളും 224 പേര്‍ പെണ്‍കുട്ടികളുമാണ്. 2022ല്‍ തട്ടിക്കൊണ്ടുപോയ 224 പെണ്‍കുട്ടികളില്‍ 209 പേരും 12നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ്  കണക്കുകള്‍. തട്ടിക്കൊണ്ടുപോയ മുതിര്‍ന്നവരില്‍ 117 പുരുഷന്മാരുമുണ്ട്. 2022 ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് 481 പേരെ തട്ടിക്കൊണ്ടുപോയതായും അവരില്‍ 395 പേരെ 2022 അവസാനത്തോടെ കണ്ടെത്തി.

Advertisment