പാരിസ്: അഭയാര്‍ഥികളോട് കരുണയും സഹിഷ്ണുതയും കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്യന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ഫ്രഞ്ച് നഗരമായ മാഴ്സെയില്‍ ബിഷപ്പുമാരുമായും മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍നിന്നുള്ള യുവജനങ്ങളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കടലിലിലൂടെ പലായനം ചെയ്യാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ അധിനിവേശമല്ല നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍ കഴിഞ്ഞയാഴ്ച വന്‍തോതില്‍ അഭയാര്‍ഥികള്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ദ്വീപില്‍നിന്നുള്ള അഭയാര്‍ഥികളെ ഇറ്റലി സ്വീകരിക്കില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ വ്യക്തമാക്കി. കഴിഞ്ഞ തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ 199 ബോട്ടുകളിലായി 8500ഓളം അഭയാര്‍ഥികളാണ് ഇറ്റാലിയന്‍ ദ്വീപില്‍ എത്തിയത്.
കുടിയേറ്റം ഒരു അടിയന്തര സാഹചര്യമല്ലെന്നും മറിച്ച് ഇന്നത്തെ കാലത്തെ യാഥാര്‍ഥ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മെഡിറ്ററേനിയനില്‍നിന്നുയരുന്ന വിലാപങ്ങള്‍ക്ക് നാം ചെവി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധക്കെടുതി, ദാരിദ്യ്രം തുടങ്ങിയ കാരണങ്ങളാല്‍ അഭയം തേടി എത്തുന്നവരില്‍ നിശ്ചിത എണ്ണം ആളുകളെ നിയമപ്രകാരം സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.