കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ രാത്രിജോലിക്കിടെ വിശ്രമിക്കാൻ കിടന്ന യുവ വനിതാ ഡോക്ടർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ക്രൂരതകൾക്കാണ് ഇരയായത്.
ബിരുദാനന്തര ബിരുദ വിദ്യാർഥി കൂടിയായ വനിതാ ഡോക്ടറുടെ ശരീരത്തിൽ നിരവധി മുറിവുകളാണുള്ളത്. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പേരും ഫോട്ടോകളും പ്രസിദ്ധീകരിക്കരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്.
കൊടിയ പീഡനങ്ങൾക്കു ശേഷം മുപ്പത്തൊന്നുകാരിയായ ഡോക്ടറെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ മുപ്പത്തിമൂന്നുകാരൻ സഞ്ജയ് റോയി എന്ന ഒരു പ്രതി മാത്രമല്ല ഉത്തരവാദി. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സഹ ഡോക്ടർമാരും മുതൽ സർക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും പൊതുസമൂഹവും വരെ ഉത്തരം പറയേണ്ടതുണ്ട്.
മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിന്റെ മൂന്നാം നിലയിലെ സെമിനാർ ഹാളിൽ അർധരാത്രിക്കു ശേഷമാണു കുറ്റകൃത്യം നടന്നത്. 2024 ഓഗസ്റ്റ് ഒന്പതിനു രാത്രിയായിരുന്നു സംഭവം.
കൊല്ലപ്പെട്ട ഡോക്ടറോടൊപ്പം തലേന്നു രാത്രി അത്താഴം കഴിച്ച ഡോക്ടർമാരാണ്, പിറ്റേന്നു രാവിലെ ഒന്‍പതരയോടെ ചോരയിൽ കുളിച്ചു വിവസ്ത്രയാക്കപ്പെട്ട വനിതാ സഹപ്രവർത്തകയുടെ മൃതദേഹം സെമിനാർ ഹാളിൽ കണ്ടെത്തിയതെന്നാണു പോലീസ് ഭാഷ്യം.
സുരക്ഷയും ധൈര്യവും നൽകേണ്ട സിവിൽ വോളന്റിയറും സഹപ്രവർത്തകരുമാണ് സംശയനിഴലിലെന്നതാണു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്.
►വൈദ്യശാസ്ത്രം കച്ചവടമാകരുത്◄
ട്രെയിനി വനിതാ ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യമനഃസാക്ഷിയെ വീണ്ടും മുറിപ്പെടുത്തി. ഡോക്ടർമാരുടെ പണിമുടക്ക് ഉൾപ്പെടെയുള്ള വൻ പ്രതിഷേധം രാജ്യം കണ്ടു. തെളിവുകൾ നശിപ്പിക്കപ്പെട്ടതായി സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥലം മാറ്റിയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ വീഴ്ചകൾ മാപ്പർഹിക്കാത്തവയാണ്. സഹഡോക്ടർമാരുടെ പങ്കും സംശയിക്കാതിരിക്കാനാകില്ല.
മിക്ക സംഭവങ്ങളിലും പ്രതികളും രാഷ്ട്രീയ മുതലെടുപ്പുകാരും പ്രതിഷേധത്തിന്റെ മുൻനിരയിൽ വരുന്നതാണു കഷ്ടം. സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണം. വേലിതന്നെ വിളവു തിന്നിരിക്കാം.
ഡോ. സന്ദീപ് ഘോഷിനെയും രണ്ടു പിജി ഡോക്ടർ ട്രെയിനികളെയും ഒരു ഹൗസ് സർജനെയും ഒരു ഇന്റേണിനെയും നുണപരിശോധനയ്ക്ക് (പോളിഗ്രാഫ് ടെസ്റ്റ്) വിധേയമാക്കാൻ സിബിഐക്ക് പ്രത്യേക കോടതി അനുമതി നൽകിയിട്ടുണ്ട്.
ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം തെളിവുകൾ നശിപ്പിച്ചതിൽ ഇവർക്കു പങ്കുണ്ടോയെന്നതു തെളിയിക്കപ്പെടുമെന്നു തീർച്ചപ്പെടുത്താനാകില്ല. തെളിവു നശിപ്പിക്കുന്നതിൽ കോൽക്കത്ത പോലീസിന്റെ വീഴ്ചകളും ഗുരുതരമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവം നടന്ന സ്ഥലത്ത് (ക്രൈം സീൻ) മാറ്റങ്ങളുണ്ടെന്നും (ഓൾട്ടേർഡ്) അതിനാൽ അന്വേഷണം വെല്ലുവിളിയാണെന്നും സിബിഐ വ്യക്തമാക്കിയതിൽ കാര്യം വ്യക്തം. ചുരുക്കത്തിൽ, പൂർണസത്യം ഒരിക്കലും പുറത്തുവരാനിടയില്ല.
നീറ്റ് പരീക്ഷയിലെ മാർക്ക് മാത്രം പരിഗണിച്ച് ഡോക്ടർമാരെ സൃഷ്ടിക്കുന്ന രാജ്യത്ത് ഇത്തരം ദുരന്തങ്ങൾ ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. ഡോക്ടറാകാനും സേവിക്കാനുമുള്ള മാനസികവിശാലതയോ മനഃശാസ്ത്രപരമായ കഴിവോ മികവോ ആത്മസമർപ്പണമോ ഉണ്ടോയെന്നു നോക്കാതെ മെഡിസിന് അഡ്മിഷൻ നൽകുന്ന രീതി പൊളിച്ചെഴുതിയേ മതിയാകൂ. വൈദ്യശാസ്ത്രം കച്ചവടമാകരുതെന്ന തിരിച്ചറിവെങ്കിലും പ്രധാനമാണ്.
►ഡോ. വന്ദനയും നിർഭയയും പാഠം◄
രണ്ടു വർഷം മുന്‍പു ക്രൂരമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിനെ മലയാളികൾ മറന്നുതുടങ്ങിയിരുന്നു. രാജ്യത്തെയും ലോകത്തെയും നടുക്കിയ 2012ലെ ഡൽഹി നിർഭയ കേസും ചരിത്രത്തിന്റെ പഴയ ഏടുകളിലൊന്നായി മാറി.
മനഃസാക്ഷി മരവിച്ച നരാധമന്മാർ രാജ്യതലസ്ഥാനത്ത് ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ ഓർമ പോലും വേദനിപ്പിക്കുന്നതാണ്.
പക്ഷേ ആരും ഒന്നും പാഠം പഠിച്ചിട്ടില്ല. സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ തുടർക്കഥയാണ്. ഡോക്ടർമാർക്കു പോലും രക്ഷയില്ലെങ്കിൽ ആർക്കാകും രക്ഷ?
നിർഭയ കേസുണ്ടായ 2012 വരെ ഇന്ത്യയിൽ ശരാശരി 25,000 ബലാത്സംഗ കേസുകൾ ഉണ്ടായിരുന്നതായി ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കിലുണ്ട്. നിർഭയ സംഭവത്തിനു ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും കുറഞ്ഞില്ല.
2020 വരെയുള്ള കണക്കനുസരിച്ച് പ്രതിവർഷം ശരാശരി 30,000 ബലാത്സംഗങ്ങളാണു നടന്നത്. 2016ൽ മാത്രം 39,000 ബലാത്സംഗങ്ങൾ റിപ്പോർട്ടു ചെയ്തു. 2022ൽ 31,000 സ്ത്രീകളാണു ലൈംഗികപീഡനത്തിനിരയായത്. സർക്കാരുകൾ മാറിവരുന്പോഴും സ്ത്രീസുരക്ഷ വാക്കുകളിൽ മാത്രമാണ്.
►വെള്ളത്തിലൊഴിച്ച നിർഭയ ഫണ്ട്◄
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി 2013ൽ കേന്ദ്രസർക്കാർ 1,000 കോടിയുടെ മൂലധനത്തോടെ പ്രഖ്യാപിച്ച നിർഭയ ഫണ്ടും ഫലമില്ലാതായി. 2015 മുതൽ 2024 വരെ നിർഭയ ഫണ്ടിൽ അനുവദിച്ച 7,212.85 കോടി രൂപയിൽ 2,099.90 കോടി രൂപയും പാഴായി. നിർഭയ ഫണ്ടിൽ കേരളത്തിനു ലഭിച്ച 54.25 കോടി രൂപയിൽ 22.25 കോടി രൂപ ചെലവാക്കുകപോലും ചെയ്തില്ലെന്നു 2021ൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച രേഖയിൽ പറയുന്നു.
സ്ത്രീസുരക്ഷിത നഗരമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് 1,434 കോടി രൂപ വകയിരുത്തിയ എട്ട് വൻനഗരങ്ങളിലൊന്നാണ് കോൽക്കത്ത. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ, ബംഗളൂരു, ലക്നൗ, അഹമ്മദാബാദ്, ഹൈദരാബാദ് നഗരങ്ങളിൽ സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കിയെന്ന് 2023 ഡിസംബർ ആറിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നു.
ഇത്തരം പദ്ധതികൾക്കു ചെലവിടുന്ന തുകയിൽ ഏറിയപങ്കും ഉദ്യോഗസ്ഥധൂർത്തിനും സ്വകാര്യ കന്പനികൾക്കു കരാർ നൽകിയുമാണു ചെലവിടുന്നതെന്നതു രഹസ്യമല്ല. വെള്ളാനകളുടെ നാട്.
►പാവങ്ങളുടെ മാനത്തിനു വിലയില്ല!◄
കോളിളക്കം സൃഷ്ടിക്കുന്ന ചില കേസുകൾ മാത്രമാണു രാജ്യശ്രദ്ധയിൽ വരുന്നത്. ഓരോ ദിവസവും കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെടുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ പെണ്‍കുട്ടികളുടെ കാര്യം വൻകിട മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ, സാംസ്കാരിക നായകരും അറിഞ്ഞതായി നടിക്കാറില്ല.
ഇന്ത്യയിൽ ഓരോ 15 മിനിറ്റിലും ഒരു സ്ത്രീയുടെ മാനം പിച്ചിച്ചീന്തപ്പെടുന്നുണ്ടെന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. പക്ഷേ, രാഷ്ട്രീയ മുതലെടുപ്പിനു പറ്റിയ പ്രമാദമായ കേസുകളിൽ മാത്രമാണു സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുതലക്കണ്ണീരൊഴുക്കുന്നത്.
കോൽക്കത്തയിൽ ആയതിനാലും യുവ വനിതാ ഡോക്ടർ ആയതിനാലുമാണ് ആർജി കർ മെഡിക്കൽ കോളജ് കേസ് വലിയ പബ്ലിസിറ്റിക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയത്.
പശ്ചിമബംഗാളിലെ മമത ബാനാർജി സർക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളാണു വിഷയം കത്തിച്ചത്. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നു പറയുന്നവർ തന്നെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്നത്.
►ഹേമ കമ്മിറ്റി, വിനേഷ് ഫോഗട്ട്◄
ഇന്ത്യയിൽ സ്ത്രീ ഇന്നും സുരക്ഷിതയല്ല. ആശങ്കയില്ലാതെ പെണ്‍കുട്ടിയെ യാത്രയാക്കാൻ മാതാപിതാക്കൾക്കു കഴിയാറില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയക്കാരും നൽകുന്ന ഉറപ്പുകൾ ജലരേഖകളാകുന്നു.
സ്ത്രീകൾക്കു തുല്യാവസരവും തുല്യനീതിയും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ രാജ്യം പരാജയപ്പെടുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിസഭകൾ, പാർലമെന്റ്, നിയമസഭകൾ എന്നിവ മുതൽ മത, സാമുദായിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വരെ സ്ത്രീകളോടുള്ള വിവേചനം കാണാനാകും.
സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചുമുള്ള ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതിന്റെ മറ്റൊരു വശമാണ്. സ്ത്രീകളെ ചൂഷണം ചെയ്യുകയും ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതിക്ക് പഴക്കമേറെയുണ്ടെങ്കിലും തിരുത്തലുകളോ ശിക്ഷയോ ഉണ്ടാകാറില്ല.
പാരീസ് ഒളിന്പിക്സിൽ സ്വർണമെഡൽ നിഷേധിക്കപ്പെട്ട ഇന്ത്യയുടെ വീരപുത്രിയും ഗുസ്തിതാരവുമായ വിനേഷ് ഫോഗട്ടിന്റെ കണ്ണീരു വീഴ്ത്തിയിട്ടും പശ്ചാത്തപിക്കാത്തവരാണു ദേശീയ നേതാക്കൾ. ഇരകളോടൊപ്പം എന്നു പറഞ്ഞുകൊണ്ടുതന്നെ വേട്ടക്കാരോടൊപ്പം ഓടുന്നു.
►നിയമങ്ങൾ മാത്രം പരിഹാരമാകില്ല◄
നിയമങ്ങൾകൊണ്ടു മാത്രം ഒരു തിന്മയും പരിഹരിക്കാനാകില്ല. ലഹരികളോടുള്ള ആർത്തിപോലെതന്നെ അപകടകരമാണ് അമിതമായ ലൈംഗികാസക്തി. ഇന്റർനെറ്റിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന അശ്ലീല വീഡിയോകൾക്കു സ്കൂൾ കുട്ടികൾ പോലും അടിമകളാകുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടത്തിയാലും രക്ഷപ്പെടാമെന്ന തോന്നലും കുറ്റകൃത്യങ്ങൾ കൂടുന്നതിനു കാരണമാണ്. ഭയത്തിന്റെ അഭാവവും ശക്തമായ പോലീസ് നടപടികളുടെ വീഴ്ചകളും ഗുരുതര തിന്മകൾ കൂടുന്നതിനു വഴിതെളിക്കും. നിയമത്തിലെ പഴുതുകളും പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളിലേറെയും രക്ഷപ്പെടുന്നു!
ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നത് അതീവ ഗുരുതരമാണ്. കോടതികളിൽ വിചാരണയ്ക്കു പോയ ബലാത്സംഗ കേസുകളിൽ വെറും 2.56 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകളിലുണ്ട്.
പീഡനശ്രമ കേസുകളിൽ ഒരു ശതമാനത്തിൽ താഴെ (0.92%) മാത്രമാണ് കോടതികളിൽ ശിക്ഷിക്കപ്പെട്ടത്. 2022ൽ രജിസ്റ്റർ ചെയ്ത 31,516 ബലാത്സംഗ കേസുകളിൽ 26,508 എണ്ണത്തിലാണു കുറ്റപത്രം സമർപ്പിച്ചത്. 2018-2022 മുതൽ ബലാത്സംഗത്തിനുള്ള ശിക്ഷാനിരക്ക് 27- 28 ശതമാനം മാത്രമാണ്.
►ഹൃദയത്തിൽ പതിയട്ടെ, ബഹുമാനം◄
പെണ്‍കുട്ടികളെ ബഹുമാനത്തോടെ സ്നേഹിക്കാനും തുല്യരായി കാണാനും വളരെ ചെറുപ്പം മുതൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ പല മാതാപിതാക്കൾക്കും വീഴ്ചയുണ്ടാകുന്നുണ്ടെന്നു സംശയിക്കാം.
ആണ്‍കുട്ടിക്ക് മേധാവിത്വം ഉണ്ടെന്ന തെറ്റായ തോന്നലുള്ള പലരെയും ഇക്കാലത്തും കാണുന്നുണ്ട്. കുടുംബങ്ങളിലും വിദ്യാലയങ്ങളും പൊതുസമൂഹത്തിലും മൂല്യങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും തെറ്റുകൾ കൂടാൻ കാരണമാകും.
ലിംഗവ്യത്യാസമില്ലാതെ എല്ലാ മക്കളെയും ഒരുപോലെ കാണാൻ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും മത-സാമുദായിക-സാമൂഹിക ഇടങ്ങളിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
സ്ത്രീകൾ അമ്മയും സഹോദരിയും സ്നേഹവും ആണെന്നു പറഞ്ഞാൽ പോരാ, ഓരോരുത്തരുടെയും ഹൃദയത്തിൽ ഈ അവബോധം ആഴത്തിൽ പതിക്കുകയാണു പ്രധാനം.