നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിനെതിരായ പ്രതിഷേധം കലാപമായി മാറി. ബല്ല്യമേനെയിലെ ക്ലോനവൺ ടെറസ് പ്രദേശത്ത് തിങ്കളാഴ്ച പകല്‍ നടന്ന പ്രതിഷേധ പ്രകടനം സമാധാനപരമായിരുന്നെങ്കിലും രാത്രിയോടെ അത് കലാപത്തിന് വഴിമാറി.തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയും സമാനമായ കലാപം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ 1 മണിയോടെ ക്ലോനവൺ ടെറസ്, നോർത്ത് റോഡ്, ബ്രിഡ്ജ് സ്ട്രീറ്റ് പ്രദേശങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴാച രാത്രിയിലെ കലാപത്തില്‍ നിരവധി കാറുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും, വീടുകള്‍ക്കും അക്രമികള്‍ നാശനഷ്ടം വരുത്തി. പൊലീസിന് നേരെ പെട്രോള്‍ ബോംബ്, പടക്കങ്ങള്‍, കല്ലുകള്‍ എന്നിവയും എറിയുകയുണ്ടായി. തുടര്‍ന്ന് കലാപനിയന്ത്രണ പൊലീസിനെ രംഗത്തിറക്കുകയും, കലാപകാരികള്‍ക്ക് നേരെ പ്ലാസ്റ്റിക് ബാറ്റണ്‍ ഉപയോഗിച്ച് വെടി വയ്ക്കുകയും ചെയ്തു. വാട്ടര്‍ കാനണ്‍, ഡോഗ് യൂണിറ്റ്‌സ് എന്നിവയും കലാപകാരികളെ പിരിച്ചുവിടാന്‍ ഉപയോഗിച്ചു.
അതേസമയം പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ നടന്ന കലാപം, വംശീയവിദ്വേഷത്തിലൂന്നിയതാണ്. ന്യൂനപക്ഷങ്ങളെയും, പൊലീസിനെയും ലക്ഷ്യമിട്ട് നടത്തുന്ന കലാപത്തെ യുകെ പ്രധാനമന്ത്രിയടക്കം അപലപിച്ചു.
തിങ്കളാഴ്ചത്തെ കലാപത്തില്‍ 15 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 29-കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കലാപത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനായി പൊലീസ് ഡ്രോണ്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെയടക്കം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.
അതേസമയം പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ 14 വയസുകാരായ രണ്ട് ആണ്‍കുട്ടികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പീഡനശ്രമമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. റൊമാനിയന്‍ സ്വദേശികളാണ് ഇവര്‍ എന്നതിനാലാണ് പ്രതിഷേധം വംശീയവിദ്വേഷമായി മാറിയതും, കലാപത്തിലെത്തിയതും. സംഭവത്തില്‍ 28-കാരനായ ഒരാളെ കൂടി തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തതായും, എന്നാല്‍ ഇയാളെ പിന്നീട് ചോദ്യം ചെയ്ത ശേഷം നിരുപാധികം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
കലാപത്തിന് പിന്നാലെ വരും ദിവസങ്ങളിലും ടൗണില്‍ ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ടാകും. വംശീയ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.