/sathyam/media/media_files/2025/04/01/lVidn6ON1M97lJjXnPhq.jpg)
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുള്ള സ്വരാജ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. നിലമ്പൂരില്‍ അനുകൂല സാഹചര്യമാണ് സി.പി.എമ്മിനുള്ളതെന്ന് പറഞ്ഞു കൊണ്ട് സ്വരാജ് പിന്മാറിയത് പരാജയഭീതിയും പാര്‍ട്ടിക്കുള്ളിലെ ചില നീക്കങ്ങളും മുന്നില്‍ക്കണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മണ്ഡലത്തിലെ മുന്‍ എം.എല്‍.എ കൂടിയായ പി.വി അന്‍വര്‍ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ചില ആരോപണങ്ങള്‍ ഉന്നയിച്ച് സി.പി.എമ്മില്‍ കലഫാപക്കൊടി ഉയര്‍ത്തിയത്. ഇതിനിടയില്‍ വളരെ നിഗൂഡമായി ചില മാറ്റങ്ങളും സി.പി.എമ്മിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളായ വിജയരാഘവന്‍, എം.വി ഗോവിന്ദന്‍, പി.ജയരാജന്‍ എന്നിവരുടെ പിന്തുണയോടെയാണ് അന്‍വര്‍ പടപ്പുറപ്പാട് നടത്തിയതെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനുമെതിരെ എന്ന രീതിയിലാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് തുടങ്ങിയത്. ഇതോടെ പിണറായി അപകടം മണത്തു. തന്റെ കൈയ്യില്‍ നിന്നും ചിലര്‍ പാര്‍ട്ടി പിടിക്കാന്‍ നടത്തുന്ന നീക്കവും അദ്ദേഹം മനസിലാക്കി. ഇതിനിടെ ചില ചേരിമാറ്റങ്ങളും സി.പി.എമ്മില്‍ നടന്നു.
ഇതിന്റെ ഭാഗമായി പിണറായിക്കൊപ്പമുണ്ടായിരുന്ന സ്വരാജ് ഗോവിന്ദന്‍ പക്ഷത്തേക്ക് മാറുകയും ചെയ്തു. ഗോവിന്ദന്‍ പക്ഷത്തുണ്ടായിരുന്ന ചിലര്‍ പിണറായിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്‍വറിനെ വെച്ച് പാര്‍ട്ടിയിലെ ചിലര്‍ നടത്തിയെന്ന് കരുതപ്പെടുന്ന ഒളിപ്പോര് പിണറായി നേരിട്ടിറങ്ങി ശശിക്ക് പിന്തുണ നല്‍കിയതോടെ അവസാനിക്കുകയും ചെയ്തു.
ചേരിമാറിയ ചിലരെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാനുള്ള നീക്കവും ഇരുപക്ഷത്തും സജീവമാണ്. അതിന്റെ ഭാഗാമായാണോ തനിക്ക് വെച്ച് നീട്ടിയ സ്ഥാനാര്‍ത്ഥിത്വം സ്വരാജ് നിഷേധിച്ചതെന്നും ചോദ്യമുയരുന്നുണ്ട്. നിലമ്പൂരില്‍ പി.വി അന്‍വര്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടുവെന്നും സി.പി.എമ്മിനാണ് സാദ്ധ്യതയെന്നും വ്യക്തമാക്കുന്ന സ്വരാജ് മത്സരത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നതാണ് അമ്പരപ്പുളവാക്കുന്നത്.
30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ടു തവണ അട്ടിമറി വിജയം നേടിയാണ് അന്‍വര്‍ ഇടതുകേന്ദ്രങ്ങളില്‍ താരമായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതു സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അന്‍വര്‍ ഇടതുക്യാമ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2016-ല്‍ നിലമ്പൂര്‍ പിടിക്കാന്‍ എല്‍.ഡി.എഫ് അന്‍വറിനെ നിയോഗിച്ചു.
2021-ലും വിജയം ആവര്‍ത്തിച്ചു. പൊലീസിനെതിരായി അന്‍വര്‍ ഉയര്‍ത്തിയ ആരോപണം കാര്യമായി ഏറ്റെടുക്കാതെ വന്നതോടെയാണു സി.പി.എമ്മിനും പിണറായിസത്തിനുമെ തിരെ അന്‍വര്‍ യുദ്ധപ്രഖ്യാപനം നടത്തിയത്. മാസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു.
അന്‍വര്‍ മണ്ഡലമൊഴിഞ്ഞതു മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ തനിക്ക് സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന നിലപാടിലേക്ക് സ്വരാജ് എത്തിയതോടെ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം പി. ഷബീര്‍, മേഖല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് എന്നിവരുടെ പേരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ബി.ജെ.പിക്ക് വോട്ടുവിഹിതം കുറവുളള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ആദ്യം എത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ത്താന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്.
ഈ ശ്രമം നടപ്പായില്ലെങ്കില്‍ ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി അംഗം രശ്മില്‍ നാഥ്, മേഖലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും വയനാട് ലോക്സഭാ ഉപതിരഞ്ഞെ ടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാവും പരിഗണിക്കുക.