/sathyam/media/media_files/c8P7mKO163WkEmZCIh6C.jpg)
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണം ഏറ്റവുമധികം തിരിച്ചടിയായത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സംസ്കാരം കഴിഞ്ഞ ഉടന്‍ വിലയിരുത്തല്‍ നടത്തിയത് സത്യം ഓണ്‍ലൈന്‍ ആണ്. കഴിഞ്ഞ ദിവസം കോട്ടയത്തെ സിപിഐ നേതൃത്വം സംസ്ഥാന കമ്മിറ്റിയ്ക്ക് നല്‍കിയ പുതുപ്പള്ളിയിലെ തോല്‍വി റിപ്പോര്‍ട്ടിങ്ങിലെ പ്രധാന വിലയിരുത്തലുകളിലൊന്നും അതായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ജനം ചര്‍ച്ച ചെയ്തത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്‍റെ ജനകീയ ഇടപെടലുകളായിരുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്ന് പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയേയും ജനം താരതമ്യം ചെയ്യാന്‍ പുതിയ സാഹചര്യം ഇടയാക്കി.
അതിനാലാണ് ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്‍റെ പ്രത്യാഘാതം ഏറ്റവും ഏല്‍ക്കേണ്ടിവരുന്നത് പിണറായിക്കായിരിക്കുമെന്ന് സത്യം ഓണ്‍ലൈന്‍ വിലയിരുത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചിരുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ ഗ്രാഫ് ഇടിയാന്‍ ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളും ഇരുവരുടെയും താരതമ്യ വിലയിരുത്തലുകളും ഇടയാക്കിയെന്നതാണ് യാഥാര്‍ഥ്യം.
അത്തരം വിലയിരുത്തലുകള്‍ ചര്‍ച്ചകളില്‍ നില്‍ക്കവെയാണ് കഴിഞ്ഞ ദിവസം സമയം തെറ്റിച്ചുവന്ന മൈക്ക് അനൗണ്‍സ്മെന്‍റിന്‍റെ പേരില്‍ മുഖ്യമന്ത്രി വേദി വിട്ടതുപോലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇടതു നേതാക്കള്‍ക്കിടയില്‍ ഇതെല്ലാം കടുത്ത അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്.
സിപിഐയുടെ സംഘടനാ റിപ്പോര്‍ട്ടിംങ്ങില്‍ ഇതേ വിഷയം ചൂണ്ടിക്കാണിക്കാനും അത് ചോര്‍ത്തി വാര്‍ത്തയാക്കാനുമെല്ലാമുള്ള കാരണം ഈ അസ്വസ്ഥതകള്‍ തന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം വിപരീതമായാല്‍ അത് ഇടതുമുന്നണിയിലും സിപിഎമ്മിലും പൊട്ടിത്തെറികള്‍ക്ക് കാരണമാകും എന്നുറപ്പാണ്.