കാര്യം നിസാരം പ്രശ്‌നം ഗുരുതരം. തദ്ദേശത്തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക പ്രശ്‌നങ്ങൾ തീർക്കാൻ കോൺഗ്രസ്. പ്രത്യേക സംഘത്തെ നിയോഗിക്കാൻ കെ.പി.സി.സി. ജില്ലകളിലേക്ക് നേതാക്കളുടെ പര്യടനം മെയ് ആറിന് ശേഷം

നിലവിൽ താഴെത്തട്ടിലെ പരാതികൾ പരിഹരിക്കാൻ ജില്ലാതലത്തിൽ കോർ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലിലും പരിഹാരമാകാത്ത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാണ് സംസ്ഥാന തലത്തിലുള്ള പ്രത്യേക സംഘം താഴേത്തട്ടിലേക്ക് വരുന്നത്. 

New Update
congress leaders

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിലെ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നീക്കവുമായി കെ.പി.സി.സി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി.

Advertisment

നിലവിൽ താഴെത്തട്ടിലെ പരാതികൾ പരിഹരിക്കാൻ ജില്ലാതലത്തിൽ കോർ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലിലും പരിഹാരമാകാത്ത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനാണ് സംസ്ഥാന തലത്തിലുള്ള പ്രത്യേക സംഘം താഴേത്തട്ടിലേക്ക് വരുന്നത്.


കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു എന്നിവരാണ്  അടുത്ത മാസം മുതൽ ജില്ലയിലേക്ക് എത്താൻ ധാരണയായിട്ടുള്ളത്. 


മേയ് ആറിന് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് പിന്നാലെയാണ് നേതാക്കളുടെ പര്യടനത്തിന് തുടക്കം കുറിയ്ക്കുക.  

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതു മുതൽ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഓരോ വാർഡിലും 21 അംഗ സമിതിക്കു കോൺഗ്രസ് രൂപം നൽകും.


5 വീതം വനിതകൾ, യുവാക്കൾ എന്നിവരുൾപ്പെട്ട സമിതി വാർഡു തലത്തിൽ ഭവന സന്ദർശനം നടത്തും. 


ഇത്തവണ സംസ്ഥാനത്തെ 70 ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങളിൽ വിജയിക്കണമെന്ന കെ.പി.സി.സി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങൾ.

ഇതിനിടെ തിരുവനന്തപുരം കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് ചുമതല ഒഴിയാൻ സന്നദ്ധനാണെന്ന് കാട്ടി പി.സി വിഷ്ണുനാഥ് കെ.പി.സി.സി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.


എ.ഐ.സി.സി സെരകട്ടറിയായ അദ്ദേഹത്തിന് തെലുങ്കാനയുടെ ചുമതല കൂടിയുണ്ട്. 


അതുകൊണ്ട് തന്നെ മാസത്തിൽ 10 ദിവസം അവിടെ ചിലവഴിക്കേണ്ടതിനാൽ പൂർണ്ണമായും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ മുഴുകാനാവുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തദ്ദേശത്തിരഞ്ഞെടുപ്പിന് മുമ്പായി നടക്കുമെന്ന് കരുതിയ പാർട്ടി പുന:സംഘടനാ നടപടികളും എങ്ങുമെത്തിയിട്ടില്ല. 

സംസ്ഥാനത്തെ മറ്റ് പാർട്ടികളായ സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നിവർ പുന:സംഘടനാ നടപടികൾ പൂർത്തീകരിച്ച് തിരഞ്ഞെടുപ്പിന് പൂർണ്ണസജ്ജമായിക്കഴിഞ്ഞു. 


വി.എം സുധീരൻ അദ്ധ്യക്ഷനായിരുന്ന കാലയളവിൽ ഡി.സി.സിയിൽ ഉൾപ്പെട്ടവരാണ് ജില്ലകളിൽ ഇപ്പോഴും തുടരുന്നത്.


ഇതിന് പുറമേ കെ.പി.സി.സി സെക്രട്ടറിമാരുടെ പദവിയും ഒഴിഞ്ഞു കിടക്കുകയാണ്. ജനറൽ സെക്രട്ടറിമാരിൽ പലരും വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും പരാതികളുണ്ട്. 

ഭൂരിഭാഗം ഡി.സി.സി അദ്ധ്യക്ഷൻമാരും മാറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ പുന:സംഘടനയെപ്പറ്റി പാർട്ടിയിൽ നിന്നും ഔദ്യോഗികമായി ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

Advertisment