പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ വിപണി പ്രയോജനപ്പെടുത്താന്‍ മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് കേരള ടൂറിസം

New Update
Kerala Touris  Malaysia Airlines

തിരുവനന്തപുരം: പുത്തന്‍ വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ  ആകര്‍ഷിക്കുന്നതിനായി മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്ന ലുക്ക് ഈസ്റ്റ് മാര്‍ക്കറ്റിംഗ് കാമ്പയിനിന്‍റെ ഭാഗമായുള്ള മെഗാ ഫാം ടൂറിനും ബി2ബി മീറ്റിനും തുടക്കമായി.

Advertisment

മലേഷ്യ, ഇന്തോനേഷ്യ, തായ് വാന്‍, സിംഗപ്പൂര്‍, തായ് ലന്‍ഡ്, ജപ്പാന്‍, വിയറ്റ്നാം, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള കേരള ടൂറിസത്തിന്‍റെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.



ലുക്ക് ഈസ്റ്റ് മാര്‍ക്കറ്റിംഗ് കാമ്പയിനിന്‍റെ ഭാഗമായുള്ള മെഗാ ഫാം ടൂറും ബി2ബി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 9 മുതല്‍ 13 വരെ മലേഷ്യ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് ഫാം ടൂര്‍ സംഘടിപ്പിക്കുന്നത്.


കേരള ടൂറിസത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ മലേഷ്യ എയര്‍ലൈന്‍സുമായുള്ള സഹകരണത്തിലൂടെ സാധിക്കും. കേരള ടൂറിസത്തിന്‍റെ ആഗോള വ്യാപനത്തിലേക്കുള്ള വലിയ കുതിച്ചു ചാട്ടം ഇതിലൂടെ സാധ്യമാകും. കേരള ടൂറിസത്തിന്‍റെ  സുപ്രധാന നാഴികക്കല്ലുകളിലൊന്നായ 'ലുക്ക് ഈസ്റ്റ്' നയം പുതിയ വിപണികള്‍ കണ്ടെത്തുന്നതിനുള്ള ദിശാ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു.



എട്ട് രാജ്യങ്ങളില്‍ നിന്നായി 75 ഓളം പ്രതിനിധികള്‍ അടങ്ങിയ സംഘമാണ് കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിയത്. ഇതില്‍ 40 ഓളം ട്രാവല്‍ ഏജന്‍റുമാര്‍, 17 സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സ്, ടൂറിസം വ്യവസായ പങ്കാളികള്‍ എന്നിവര്‍ ഉള്‍പ്പെടും. അര്‍ത്ഥവത്തായ ഇടപെടലുകള്‍, വേഗത്തിലുള്ള വ്യവസായ ബന്ധങ്ങള്‍, ഒരു മുന്‍നിര യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു.

ചടങ്ങില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. സുരേഷ് കുമാര്‍, കേരള ടൂറിസം സെക്രട്ടറി ബിജു. കെ,  മലേഷ്യ ഏവിയേഷന്‍ ഗ്രൂപ്പിലെ എയര്‍ലൈന്‍സ് ബിസിനസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ (സിസിഒ) ദെര്‍സെനീഷ് അരസന്ദിരന്‍, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Advertisment