ആരോഗ്യ മേഖലയിൽ ആധുനികതയുടെ ചുവടുകളുമായി പാമ്പാടി താലൂക്ക് ആശുപത്രി

പതിനഞ്ചോളം വികസന പദ്ധതികളാണ് പാമ്പാടി താലൂക്കാശുപത്രിയിൽ നിലവിൽ പൂർത്തീകരിക്കുകയും പ്രവൃത്തികൾ തുടരുകയും ചെയ്യുന്നത്.

New Update
r_1750165889

പാമ്പാടി: ആരോഗ്യ മേഖലയിൽ ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾക്കു വഴിയൊരുക്കി പാമ്പാടി താലൂക്ക് ആശുപത്രി. പതിനഞ്ചോളം വികസന പദ്ധതികളാണ് പാമ്പാടി താലൂക്കാശുപത്രിയിൽ നിലവിൽ പൂർത്തീകരിക്കുകയും പ്രവൃത്തികൾ തുടരുകയും ചെയ്യുന്നത്. 

Advertisment

ഇതിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഫാർമസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്ഘാടനം ജൂൺ 19ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.


ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ച് ഒ.പി ബ്ലോക്ക് ബിൽഡിങ് നിർമിച്ചു. 


1.32 കോടി കിഫ്ബിയിൽ നിന്നും 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വിനിയോഗിച്ച് 10 ഡയാലിസിസ് മെഷീനുകൾ അടങ്ങുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം. 

യൂണിറ്റ് പ്രവർത്തിക്കാൻ ആവശ്യമായുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.


സംസ്ഥാന സർക്കാരിൽനിന്നുള്ള 2.30 കോടി രൂപ ചെലവിട്ട് ട്രോമാകെയർ യൂണിറ്റിന്റെയും പണി പൂർത്തീകരിച്ചു. 


ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സ്‌പോൺസർഷിപ്പ് ക്യാമ്പയിൻ നടന്നുവരികയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു പറഞ്ഞു.

ശുചിമുറികൾക്കും കെട്ടിടങ്ങൾക്കും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. 


ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് സോളാർ പ്ലാന്റ് സ്ഥാപിക്കൽ അനെർട്ടിന്റെ നേതൃത്വത്തിൽ മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാവും. 


2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് ഐ.പി. ബ്ലോക്കിൽ ലിഫ്റ്റ് സ്ഥാപിക്കലും ഈ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ നൽകി വാങ്ങിയ ഓക്‌സിജൻ നൽകുന്നതിനുള്ള ബൈപ്പാസ് യന്ത്രം, ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലുമുള്ള കിടപ്പ് രോഗികൾക്കായി 85 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്കൻഡറി പാലിയേറ്റീവ്, 55 ലക്ഷം രൂപ ചെലവിട്ട് ആശുപത്രിക്ക് ആവശ്യമായ മരുന്നുവാങ്ങൽ എന്നിവയാണ് മറ്റ് പ്രധാന വികസന പ്രവർത്തനങ്ങൾ. 


ഇതോടൊപ്പം ചാണ്ടി ഉമ്മൻ എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപ വകയിരുത്തി ആശുപത്രിക്ക് വാഹനം വാങ്ങാനും പദ്ധതിയുണ്ട്.


മുൻ എം.എൽ.എ. ഉമ്മൻചാണ്ടിയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റും ആശുപത്രിയ്ക്കു കരുത്തേകുന്നു. 

ഇതോടൊപ്പം കെ.എസ്.എഫ്.ഇ. സി.എസ്.ആർ ഫണ്ടിൽ നിന്ന് അഡ്വ. റെജി സക്കറിയ സ്‌പോൺസർ ചെയ്ത 36 ലക്ഷം രൂപയുടെ ഐ.സി.യു. ആംബുലൻസും 16 ലക്ഷം രൂപയുടെ ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങളും ആശുപത്രിക്ക് സ്വന്തമാണ്.

Advertisment