ദാസനും വിജയനും
അറിവുണ്ടെങ്കിലും ശശി തരൂരിന് 'കേരളീയ ബുദ്ധി' അല്പം കുറവാണ്. ബെന്നി ബഹനാനും അടൂർ പ്രകാശും എന്നൊക്കെ പറഞ്ഞാല്‍ പിസി ചാക്കോയും കെവി തോമസും എന്നു പറയുന്നപോലെയാണ്. ഇവിടെയിപ്പോള്‍ ഇടത് അനുഭാവി മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ എന്തൊക്കെയോ കുഴപ്പമുണ്ടെന്ന് വാര്‍ത്തയുണ്ടാക്കുന്നു, അതിലെ ചതി അറിയാതെ പാര്‍ട്ടിയിലെ മണ്ടന്മാര് അതില്‍ കയറി കൊത്തുന്നു - ദാസനും വിജയനും
പണ്ട് നാട്ടിൻപുറങ്ങളിൽ ആർട്സ് & സ്പോർട്സ് ക്ളബ്ബുകളും പന്തുകളിയുമൊക്കെയായി ചെറുപ്പക്കാർ ബിസിയായിരുന്നു. അവരൊക്കെ ഇപ്പോഴെവിടെയെന്ന് നാട്ടിലെ സിസിടിവി ക്യാമറകളായ കാരണവന്മാരുടെ കണ്ണുകളിൽ പതിയുന്നില്ല. വെഞ്ഞാറമൂട് പോലുള്ള വാർത്തകൾ കേൾക്കുമ്പോഴാണ് ഞെട്ടുന്നത്. മാര്‍ക്കോയും പണിയും പോലുള്ള അലമ്പ് സിനിമകളാണ് ഈ മക്കൾ കാണുന്നതും - ദാസനും വിജയനും
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെറും കീറത്തുണിയായി മാറിയിരിക്കുകയാണ് അരവിന്ദ് കേജരിവാള്‍. ഒന്നുകില്‍ ചതിയായോ അല്ലെങ്കില്‍ പിന്തുണയിലൂടെയോ കോണ്‍ഗ്രസ് വോട്ടുകള്‍ ഇല്ലെങ്കില്‍ അസംബ്ലിയില്‍ കയറാന്‍ കഴിയില്ലെന്ന് ആശാന് മനസിലായത് ഇപ്പോഴാണ്. അതുപോലെ ഒരാള്‍ കേരളത്തിലുമുണ്ട് - പിസി ചാക്കോ. ചതിയല്ല രാഷ്ട്രീയം എന്നിവര്‍ മനസിലാക്കട്ടെ - ദാസനും വിജയനും
പാതി പൊട്ടനെന്നു തോന്നിപ്പിക്കുന്ന അനന്തു- ആനന്ദന്മാരുടെ പാതിവില തട്ടിപ്പ് മുതല്‍ സ്വര്‍ണ തട്ടിപ്പും കുറി തട്ടിപ്പും വരെയായി പോയ വാരവും കടന്നുപോയി. പിശുക്കന്മാരായ മലയാളികൾ ആരെങ്കിലും നിക്ഷേപം സ്വീകരിക്കാനുണ്ടോ എന്ന് ചോദിച്ചു നടക്കുമ്പോൾ ഏത് പൊട്ടനും പണം വാരാം. ചിലോര്‍ക്ക് കിട്ടും ചിലോര്‍ക്ക് പോകും. കിട്ടുന്നവര്‍ക്ക് ജയിലും പോകുന്നവര്‍ക്ക് ഗോവിന്ദയും- ദാസനും വിജയനും
എഡിബിക്കാരെ കരിയോയിൽ ഒഴിച്ച ടീമുകൾ ആഗോള നിക്ഷേപസംഗമം നടത്തുമ്പോൾ ദൈവം കടിച്ച പാമ്പിനെക്കൊണ്ട് വിഷം എടുപ്പിക്കുന്നപോലൊരു തോന്നൽ. അന്ന് പിള്ളയെ ജയിലിലാക്കി, ഇപ്പോൾ മകനെ മന്ത്രിയാക്കി. അന്ന് മാണിസാറിനെ കോഴക്കാരനാക്കി, ഇപ്പോൾ മാണിപുത്രനെ ഒപ്പം കൂട്ടി. അന്ന് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു, ഇന്ന് എ.ഐക്കുവേണ്ടി പ്രസംഗിക്കുന്നു. പക വീട്ടാനുള്ളതാണെന്ന് ദൈവത്തിനും മനസ്സിലായോ ദാസാ - ദാസനും വിജയനും
മഴവെള്ളത്തില്‍ നിന്നും മദ്യം ഉണ്ടാക്കുന്നതാണ് ഒടുവിലത്തെ 'വിദ്യ'. കേരളത്തില്‍ 40 വയസ് കഴിഞ്ഞാല്‍ പിന്നെ മദ്യപിക്കുന്നവരുടെ ആയുസിന് ഗ്യാരണ്ടിയില്ല. കാരണം കക്കൂസില്‍ ഉപയോഗിക്കാന്‍ കൊള്ളാത്ത സാധനമാണ് 300 % നികുതി ചുമത്തി വില്‍ക്കുന്നത്. ആയിരം കൊടുത്ത് വാങ്ങുന്നതും മണവാട്ടിയും വെട്ടിരുമ്പുമൊക്കെ. പകരം മദ്യവിപണി തുറന്നുകൊടുക്കട്ടെ, മത്സരം വരുമ്പോള്‍ നിലവാരമുള്ള മദ്യവും വരും- ദാസനും വിജയനും
തരൂരിന്റെ ആ പുകഴ്ത്തല്‍ ഒരുവിധം അറ്റെൻഷൻ സീക്കിങ് ആണെന്ന് കരുതുന്നവർ ഉണ്ടാകാം. പക്ഷേ ഡീലുകളിലൂടെയൊക്കെ കണ്ണോടിക്കുമ്പോള്‍ ഒന്നും അത്രയങ്ങ് നിര്‍മലമെന്ന് ചിന്തിക്കാനും വയ്യ. കെ റെയില്‍ വന്നപ്പോള്‍ തരൂര്‍ നിന്ന് തിരിയുന്നത് നാം കണ്ടതാണ്. ഇനിയൊരു ആഗോള നിക്ഷേപ സംഗമം വരാനിരിക്കുന്നു. അതിലെന്തോ ഡീല്‍ വരാനുണ്ടോ ? ഒന്നും കാണാതെ അച്ഛൻ തെങ്ങിന്മേൽ കയറില്ല ! അതുറപ്പ് - ദാസനും വിജയനും
ബറോസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചാൽ ലാലേട്ടൻ മംഗലശ്ശേരി നീലകണ്ഠനാകാതെന്തു ചെയ്യും ? കിരീടവും ദേവാസുരവും ആറാംതമ്പുരാനുമൊക്കെ ചെയ്ത നടനെക്കൊണ്ട് ബാബ കല്യാണിയും പെരുച്ചാഴിയുമൊക്കെ ചെയ്യിച്ചവർ ഇപ്പോഴും ബറോസുകൾ ആവർത്തിക്കുമ്പോൾ പിന്നെന്ത് ചോദിക്കും, ആൻറണീ. സുരേഷ്കുമാറൂം പ്രിയനുമൊക്കെ അകന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട് ലാലേട്ടനിൽ- ദാസനും വിജയനും
കേരളത്തില്‍ തട്ടിപ്പുകളുടെ തുടക്കം 80കളില്‍ ഓറിയെന്റൽ മുതലായിരുന്നു. തേക്ക് മാഞ്ചിയവും പണം ഇരിട്ടിപ്പും വില്ലകളുമൊക്കെയായി ഇപ്പോള്‍ പകുതിവില തട്ടിപ്പില്‍ വരെയെത്തി. മീശമുളക്കാത്ത 22 കാരന് അന്ന് 200 കോടി തട്ടിയെങ്കില്‍ ഇപ്പോഴൊരു 28 കാരന് അത് 1000 കോടിയിലെത്തിച്ചു. ഇതെല്ലാം നാട്ടിലെ പിശുക്കരും ലുബ്ധരും അറുത്ത കയ്യിൽ ഉപ്പു തേക്കാത്തവരുടേതുമാണെന്നറിയുമ്പോള് ഒരു സന്തോഷം- ദാസനും വിജയനും